Tue. Sep 27th, 2022

കന്യാകുമാരി മുതൽ കാശ്‌മീർ വരെ കോൺഗ്രസിന്റെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് രാഹുൽ ഗാന്ധി തന്നെ വിശേഷിപ്പിച്ച യാത്രയ്ക്ക്‌ തമിഴ്‌നാട്ടിൽ വൻ വരവേൽപ്പാണു ലഭിച്ചത്‌. ഇതിനകം മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പദയാത്ര തരംഗമായിക്കഴിഞ്ഞു.

ബിജെപി അടക്കമുള്ള രാഷ്ട്രീയ എതിരാളികൾ ഈ യാത്രയെ അത്ര നിസാരമായി എഴുതിത്തള്ളുന്നില്ല. വിമർശനം അഴിച്ച്‌ വിടാനുള്ള പഴുത്‌ കാത്തിരിക്കുകയാണ്. ഭാരതത്തെ ഒന്നിപ്പിക്കാനല്ല; കോൺഗ്രസിനെ ഒന്നിപ്പിക്കാനാണെന്ന ആദ്യ വെടി പ്രധാനമന്ത്രി മോഡി തന്നെ പൊട്ടിച്ചിരുന്നു. ഗാന്ധിയുടെ സ്വാതന്ത്യസമര കാലത്തെ പദയാത്രകളെ ഓർമ്മിപ്പിക്കുന്നതായി കോൺഗ്രസ്‌ അനുകൂല വിഭാഗം വാദിക്കുകയും ചെയ്യുന്നു.

അതിനിടയിൽ എന്നത്തേയും പോലെ രാഹുൽ ഗാന്ധിയുടെ വസ്ത്രത്തിൽ കയറിപ്പിടിച്ചിരിക്കുകയാണു ബിജെപി. യാത്രയുടെ മൂന്നാം ദിനം രാഹുൽ ഗാന്ധി ധരിച്ച ടീ ഷേർട്ട്‌ ലക്ഷ്വറി ടീ ഷേർട്ടാണെന്ന് ഒഫീഷ്യൽ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബിജെപി തെളിവ്‌ സഹിതം പ്രചരിപ്പിച്ച്‌ തുടങ്ങി. ഭാരത്‌ ദേഖോ ( ഭാരതാം കാണൂ…) എന്ന തലക്കെട്ടിലാണു പ്രചാരണം. ബർബറിയുടെ എഡി കോർ പോളോ (Burberry Eddie Core Polo) എന്ന ടീ ഷേർട്ടാണു രാഹുൽ ഗാന്ധി ധരിച്ചതെന്ന് ചിത്രം സഹിതവും ഓൺലൈനിലെ ഓൺലൈനിലെ വിലയും ചേർത്താണു ബിജെപി നൽകിയിരിക്കുന്നത്‌.

Burberry Eddie Core Polo ടീ ഷേർട്ടിനു ഓൺലൈനിൽ ലക്ഷത്തിനടുത്ത്‌ വില കാണാം. രാഹുൽ ഗാന്ധി ധരിച്ച ടീ ഷേർട്ടിനു 41,257 രൂപയാണു ബിജെപി പുറത്ത്‌ വിട്ട ചിത്രത്തിൽ കാണാൻ കഴിയുന്നത്‌. ഇതാണോ ഗാന്ധിയൻ മാർഗ്ഗത്തിലുള്ള യാത്ര എന്ന ചോദ്യമാണു ബിജെപി ഉയർത്തുന്നത്‌.

എന്നാൽ മോഡി ധരിച്ച സ്വർണ്ണ നൂലിൽ സ്വന്തം പേരെഴുതിയ 10 ലക്ഷത്തിന്റെ കോട്ടോളം വരുമോ എന്നാണു കോൺഗ്രസുകാരുടെ മറു ചോദ്യം. ടി സിദ്ദിഖ്‌ എം എൽ എ ഈ ചോദ്യവുമായി ഫെയിസ്ബുക്‌ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌.

അതേ സമയം ഭാരത്‌ ജോഡോ യാത്ര വൻ ജനപങ്കാളിത്തത്തോടെ മുന്നോട്ട്‌ പോകുകയാണു. യാത്രയ്ക്കിടയിൽ സാധാരണക്കാരെ അറിഞ്ഞും കേട്ടും രാഹുൽ ഗാന്ധി ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞാണു മുന്നേറുന്നത്‌.