Mon. Sep 26th, 2022

ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമം വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി. രാജ്യം അപകടാവസ്ഥയിലാണെന്നും രാഹുൽ ആഞ്ഞടിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിൽ രാഹുൽ തുടക്കമിട്ടു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ യാത്ര ഫ്ലാഗ് ഒഫ് ചെയ്തു. 150 ദിവസം കൊണ്ട് 3570 കിലോമീറ്റർ സഞ്ചരിച്ച് യാത്ര കശ്മീരിൽ സമാപിക്കും.

കന്യാകുമാരിയിൽ മൂന്ന് സാഗരങ്ങളെ സാക്ഷിയാക്കി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആവേശത്തുടക്കം. ബിജെപിയെ കടന്നാക്രമിച്ച് തിങ്ങിനിറഞ്ഞ ആയിരങ്ങളെ ആവേശം കൊള്ളിച്ച രാഹുൽ ഇന്ത്യയെ ഒന്നിപ്പിക്കാനും വീണ്ടെടുക്കാനും ത്രിവർണ്ണ പതാകയെ സംരക്ഷിക്കാനുമാണ് തന്റെ യാത്രയെന്ന് രാഹുൽ പറഞ്ഞു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എത്ര മണിക്കൂർ ചോദ്യം ചെയ്താലും പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ബിജെപി ശ്രമം വിജയിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കി.

ചെന്നൈയ്ക്കടുത്ത് ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു രാഹുൽഗാന്ധി കന്യാകുമാരിയിൽ എത്തിയത്. തുടർന്ന് തിരുവള്ളുവർ പ്രതിമയിലും കെ കാമരാജ് സ്മാരകത്തിലും പുഷ്പാർച്ചന. ഗാന്ധി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്ന് ദേശീയ പതാക സ്വീകരിച്ചതോടെ യാത്രയ്ക്ക് ഔദ്യോഗിക തുടക്കമായി. ദിവസവും ഏഴുമണിക്കൂറാകും പദയാത്ര. ഇതിനിടയിൽ സാധാരണക്കാരുമായി രാഹുൽ സംവദിക്കും. ഹോട്ടലുകൾ ഒഴിവാക്കി പ്രത്യേകം കാരവനിൽ തന്നെയാണ് രാത്രി ഉറക്കം.