Fri. Jan 27th, 2023

മലപ്പുറം• മലബാർ പര്യടനം സംബന്ധിച്ചുള്ള പരസ്യ വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശശി തരൂർ പാണക്കാട്ടെത്തി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ശശി തരൂരിനെ സ്വീകരിച്ചു. തരൂരുമായി രാഷ്ട്രീയം ചർച്ച ചെയ്യുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ അറിയിച്ചു. പര്യടനം ഏകോപിപ്പിക്കുന്ന എം.കെ.രാഘവൻ എംപിയും തരൂരിനൊപ്പമുണ്ട്.

ഞായറാഴ്ചയാണ് തരൂരിന്റെ മലബാർ പര്യടനം ആരംഭിച്ചത്. ഇതു സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നസ്വരം ഉയർന്നതോടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഇടപെട്ട് പ്രസ്താവനകൾ വിലക്കിയിരുന്നു. തരൂരിനെ ആരും വിലക്കിയില്ലെന്നു സുധാകരൻ പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ പര്യടനം ജില്ലാ കമ്മിറ്റികളെ അറിയിച്ചില്ലെന്നു വിമർശിച്ചു.

തരൂരിനെ പിന്തുണച്ചും അദ്ദേഹത്തെ വിലക്കുന്നവരെ വല്ലാതെ പരിഹസിച്ചും കെ.മുരളീധരൻ രംഗത്ത് എത്തിയതാണ് കെപിസിസിയുടെ പ്രസ്താവന വിലക്കിനു പ്രേരണയായത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറിയ ശേഷം പല തട്ടുകളിലായി നിൽക്കുന്ന ഐ ഗ്രൂപ്പിൽ തരൂരിന്റെ പര്യടനവും അതു സംബന്ധിച്ച വിവാദങ്ങളും കൂടുതൽ ഭിന്നതയ്ക്കു കാരണമായി. എ ഗ്രൂപ്പ് തന്ത്രപരമായ നിശ്ശബ്ദതയാണു പാലിക്കുന്നത്.

തരൂരിന്റെ സ്വീകാര്യത കോൺഗ്രസും യുഡിഎഫും ഫലപ്രദമായി ഉപയോഗിക്കണമെന്ന വികാരമാണ് ഒരു വലിയ വിഭാഗം നേതാക്കളിലും പ്രവർത്തകരിലും. അതിനായി സമാന്തര സംവിധാനം ഉണ്ടാക്കി പാർട്ടിക്കും മുകളിലാണു തരൂർ എന്നു സ്ഥാപിക്കുന്നതു ശരിയോ എന്ന ചോദ്യമാണു കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ തുടങ്ങിയവർ ഉയർത്തുന്നത്.